പരിശുദ്ധ ബാവാ സാധാരണക്കാരിൽ ഒരാളായി അവർക്കൊപ്പം ജീവിച്ച വ്യക്തി: മുഖ്യമന്ത്രി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, July 12, 2021

പരിശുദ്ധ ബാവാ സാധാരണക്കാരിൽ ഒരാളായി അവർക്കൊപ്പം ജീവിച്ച വ്യക്തി: മുഖ്യമന്ത്രി


തിരുവനന്തപുരം∙ സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിൽ സഭയിലും സമൂഹത്തിലും സമാധാനം പുലർത്താൻ നിലകൊണ്ടു. സഭയുടെ താൽപര്യമായിരുന്നു എന്നും ബാവ ഉയർത്തിപ്പിടിച്ചത്. ലോകത്താകെയുള്ള ഓർത്തഡോക്സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കു വിസ്മരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക–ആധ്യാത്മിക രംഗത്തെ ഒട്ടേറെ വ്യക്തികളും ബാവായെ അനുസ്മരിച്ചു.

∙ ഉമ്മൻ ചാണ്ടി

സഹജീവി സ്‌നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു ബാവയുടെ മുഖമുദ്രയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അര്‍ബുദബാധിതനായ തിരുമേനി വിദേശ ചികിത്സയ്ക്ക് തയാറാകാതെ പരുമല ആശുപത്രിക്കപ്പുറം ഒരു ചികിത്സ വേണ്ടെന്ന നിലപാടെടുത്തു. സ്ത്രീകള്‍ക്കു പള്ളി ഭരണത്തിലും സഭാ ഭരണത്തിലും നിര്‍ണായക പങ്കു നല്കിയെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

∙ വി.ഡി. സതീശൻ

സാമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും വേണ്ടി ഒട്ടേറെ പദ്ധതികളാണ് ബാവാ സഭാതലത്തില്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയതെന്നു പ്രതിപക്ഷ നേതാവു വി.ഡി. സതീശൻ പറഞ്ഞു. 100 കോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ച പരുമല കാന്‍സര്‍ സെന്റര്‍ ഇതിന് ഉദാഹരണമാണ്. നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'സ്‌നേഹസ്പര്‍ശ'വും പദ്ധതിക്കും ഇദ്ദേഹം തുടക്കമിട്ടിരുന്നെന്നും സതീശൻ പറഞ്ഞു.



∙ സ്പീക്കർ എം.ബി. രാജേഷ്

സാധാരണക്കാരുടെ ജീവിതത്തെ അടുത്തറിയുകയും അശരണരുടെ കണ്ണീരൊപ്പുകയും ചെയ്ത ബാവായുടെ നിര്യാണം കേരളത്തിനു വലിയ നഷ്ടമാണെന്നു സ്പീക്കർ എം.ബി. രാജേഷ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

∙ ഗുരുരത്നം ജ്ഞാന തപസ്വി

സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നു സഭയുടെ ഉന്നതതലത്തിലേക്ക് കഷ്ടപ്പാടിലൂടെയും ത്യാഗത്തിലുടെയും വളര്‍ന്നുവന്ന ബാവയുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നു ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ‍ജ്ഞാന തപസ്വി പറഞ്ഞു.

∙ ഡോ. എൻ. ജയരാജ്

പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും ഇടവകകളിൽ വോട്ടവകാശം നടപ്പാക്കിയ ഭരണപരിഷ്‌ക്കാരത്തിലൂടെ ചരിത്രത്തിൽ ഇടം നേടി സമത്വത്തിന്റെ വക്താവായി ബാവാ മാറിയെന്നു ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു.

∙ രമേശ് ചെന്നിത്തല

ആത്മീയ ജീവിതത്തിന്റെ മാതൃകയായി നിലകൊള്ളാൻ ബാവായ്ക്കു സാധിച്ചെന്നും പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണിയായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു.

No comments:

Pages