മലങ്കര ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാന : - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, May 27, 2023

മലങ്കര ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാന :



വിശുദ്ധ കുർബാനയുടെ ഒരുക്കം ഓർത്തഡോക്സ് വിശ്വാസത്തിൽ ഒരു ദിനം ആരംഭിക്കുന്നത് രാത്രി മുതല്‍ അല്ല, പ്രത്യുത സന്ധ്യ മുതല്‍ ആണ് (സന്ധ്യ മുതല്‍ സന്ധ്യ വരെ). അപ്രകാരം വി. കുർബാനയുടെ ഒരുക്കവും സന്ധ്യ മുതല്‍ ആരംഭിക്കുന്നു. വി. കുമ്പസാരവും ഏഴു നേരത്തെ യാമപ്രാർത്ഥനകളും കല്പിക്കപെട്ട പ്രാർത്ഥനകളും നടത്തിയിട്ട് വേണം വിശ്വാസികള്‍ വി. കുർബാനയില്‍ സംബന്ധിക്കാവൂ എന്ന് പരിശുദ്ധ സഭ നിഷ്കർഷിക്കുന്നു. പൌരസ്ത്യ ഓർത്തഡോക്സ് ആശ്രമങ്ങളില്‍ സന്ധ്യാ നമസ്കാരത്തിന് ശേഷം ആരും പരസ്പരം സംസാരിക്കുക കൂടി ഇല്ല. അത്രയേറെ പ്രാധാന്യത്തോടെ ആണ് വി.കുർബാനയ്ക്ക് ഒരുങ്ങേണ്ടത്. ഇത്രയും ഒരുക്കത്തിന്‍ ശേഷം പട്ടക്കാരന്റെ കരങ്ങളാല്‍ “ഹൂസോയോ” എന്ന പാപപരിഹാര പ്രാര്ത്ഥനയും കുർബാന സ്വീകരിക്കുന്ന വിശ്വാസികള്‍ പ്രാപിക്കേണ്ടതാകുന്നു. നമസ്കാരങ്ങള്‍ പൂർത്തീകരിച്ചതിനു ശേഷം വചനശ്രുശ്രൂഷയും സുദീർഘമായ അനുതാപപ്രാർത്ഥനകൾക്കും (പ്രമിയോന്‍, ഹൂസോയോ, സെദറാ) ശേഷം മാത്രമാണ് വി. കുർബാന ആരംഭിക്കുന്നത്.

പൌരസ്ത്യ സിറിയൻ ഓർത്തഡോക്സ് സഭകളിലെ വി. കുർബാനയെ മൂന്നു ഭാഗങ്ങളായി തിരിക്കാം: തൂയോബോ (ഒരുക്ക ശ്രുശ്രൂഷ – Prothesis), പരസ്യ ശ്രുശ്രൂഷ, കൃതജ്ഞതാ ശ്രുശ്രൂഷ (post communion).


തൂയോബോ (ഒരുക്ക ശ്രുശ്രൂഷ) – Prothesis 

വിശ്വാസികള്‍ പള്ളിയകത്തെ പ്രാകാരത്തില്‍നിന്നു നമസ്കരിക്കുമ്പോള്‍ പുരോഹിതസ്ഥാനി വി.മദ്ബഹായില്‍ കയറി നടത്തുന്ന ശ്രുശ്രൂഷ ആണ് തൂയോബോ. ഈ സമയം മദ്ബഹ തിരശീലയിട്ട് മൂടിയിരിക്കും. യേശുവിന്റെ ജനനത്തിനായി പ്രാർത്ഥനയോടെ കാത്തിരുന്ന യഹൂദരെ പോലെയാണ് വിശ്വാസികള്‍ പുറത്തു നിന്ന് പ്രാർത്ഥിക്കുന്നതും പുരോഹിതൻ അകത്ത് ഒരുങ്ങുന്നതും. തൂയോബൊക്ക്‌ രണ്ടുക്രമം ഉണ്ട്:


1. മൽക്കിസദേക്കിന്റെ ക്രമം. ഇവിടെ പുരോഹിതന്‍ ചിട്ടയായ പ്രാർത്ഥനകളിലൂടെ അപ്പവീഞ്ഞുകളെ ത്രോണോസ്സിന്മേലായി (ബലിപീഠം) ക്രമപെടുത്തുന്നു. ഇവിടെ മാതാവിനോടും പരിശുദ്ധന്മാ‍രോടും ഉള്ള മധ്യസ്ഥപ്രാർത്ഥനകളും അവർക്ക്  വേണ്ടിയുള്ള പ്രാർത്ഥനകളും കുർബാനയില്‍ ഓർക്കേണ്ട ആളുകളെയും സ്വന്തജനതക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥനകളെല്ലാം പാപമോചനം യാചിക്കുന്നവയും അനുതാപപൂരിതവും ആണ്.


2. അഹരോന്റെ ക്രമം പുരോഹിതൻ അംശവസ്ത്രങ്ങൾ ധരിച്ചുകൊണ്ട് പഴയ നിയമ യാഗങ്ങളുടെ പൂര്‍ത്തീകരണം ആണ് വിശുദ്ധ കുർബാന എന്നതിന്റെ സൂചകമായി ഈ ശുശ്രൂഷ നടത്തുന്നു.

തൂയോബോക്ക് ശേഷം വി. കുർബാന പരസ്യമായി ആരംഭിക്കുന്നതിനു മുന്നമായി പഴയനിയമ വായന ക്രമീകരിച്ചിരിക്കുന്നു. ഇത് പഴയനിയമത്തിന്റെ പൂർത്തീകരണം ആണ് പുതിയനിയമം എന്നും, പഴയനിയമം ഇല്ലാതെ പുതിയനിയമം ഇല്ലെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. ഒപ്പം ക്രിസ്തുവിന്റെ ജനനം കാത്തിരുന്ന യിസ്രായേലുകാരുടെ അവസ്ഥയും നമ്മെ ധ്യാനിപ്പിക്കുന്നു.


പരസ്യാരാധന (The Public Rite)


പരസ്യാരാധന എന്ന വി. കുർബാനയുടെ രണ്ടാം ഭാഗത്തെ വീണ്ടും രണ്ടു ഭാഗങ്ങള്‍ ആയി തിരിക്കാം: പൊതുവായുള്ള പരസ്യാരാധനയും അനഫോറയും. പരസ്യാരാധന ആരംഭിക്കുന്നത് “നിന്നെ പ്രസവിച്ച മറിയാമും….” എന്നാണ്, അപ്പോള്‍ മറ നീക്കുന്നു. ഇതിനു ഒരു അർത്ഥം ഉണ്ട്. വി.മർത്തമറിയം അമ്മയുടെ ഉദരം ആകുന്ന മറവിടത്തിൽനിന്നും ലോകത്തിലേക്ക്‌ യേശു ജനിച്ചു വീണു. ആ സമയം മദ്ബഹ പുൽക്കൂടിനെയും ത്രോണോസില്‍ ജാതംചെയ്ത ക്രിസ്തുവിന്റെ‍ സാന്നിധ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍, കാഴ്ചകള്‍ അർപ്പിച്ചു വണങ്ങിയ വിദ്വാന്മാരെ പോലെ പുരോഹിതന്‍ ധൂപം അർപ്പിച്ചു ബലിപീഠം ചുറ്റി നാല്കോണുകളും ചുംബിക്കുന്നു. പുരോഹിതന്റെെ മുന്നിലും പുറകിലും ചിറകടിക്കുന്ന മാലാഖമാരെ പോലെ മറുവഹ്സാകള്‍ ( സിറിയൻ ഓർത്തഡോക്സ് ആരാധനയില്‍ ഉപയോഗിക്കുന്ന മാലാഖമാരുടെ രൂപം കൊത്തിയ മണികളോട് കൂടിയ കിലുക്കുന്ന ഒരു ഉപകരണം) പറന്നു ശബ്ദം ഉണ്ടാക്കുന്നു. പുരോഹിതന്റെെ മുന്നില്‍ കത്തിയ മെഴുകുതിരി പിടിച്ചുകൊണ്ട് പോകുന്നു. അത് ഇടയരെ വഴികാണിച്ച വാനിലെ താരത്തെ സൂചിപ്പിക്കുന്നു. ഈ സമയം “നിന്‍ മാതാവ് വിശുദ്ധന്മാർ…..”എന്ന ഗാനം ആലപിക്കുന്നു. ഈ ഗാനത്തില്‍ യേശു ആരാണെന്നും എന്താണെന്നും എന്തിനുവേണ്ടി മനുഷ്യനായി എഴുന്നുള്ളിയെന്നതും ഓർത്തു ധ്യാനിച്ച്‌ കൊണ്ട് ദൈവത്തോട് കൃപ യാചിക്കുന്നു. യേശുവിന്റെ ജനനം സകലജനത്തിനും ആണെന്നുള്ളതുകൊണ്ട് എല്ലാവർക്കും  ധൂപം വീശിയിട്ട് പുരോഹിതന്‍ ത്രൈ ശുദ്ധ കീർത്തനത്തിലേക്ക് കടക്കുന്നു. ഇത് കർത്താവ്‌ ശുദ്ധനും ശക്തിമാനും മരണം ഇല്ലാത്തവനും ആണെന്ന എടുത്തുപറഞ്ഞു ദൈവത്തെ സ്തുതിക്കയും നമുക്കായി ക്രിസ്തു സഹിച്ച കഷ്ടതയും ക്രൂശുമരണവും ഓർത്ത് ദൈവത്തോട് കരുണ യാചിക്കുകയും ചെയ്യുന്നു.


പൊതുവായുള്ള പരസ്യാരാധന (Rite of Catechumens)


ആദ്യം അപ്പോസ്തോല പ്രവർത്തികളിൽ നിന്നോ പൊതു ലേഖനത്തില്‍ നിന്നോ വായിക്കുന്നു. ഇത് ആദ്യം വചനം യഹൂദരോടരിയിച്ചതിനെ സൂചിപ്പിക്കുന്നു. പിന്നീട് പൌലോസ് ശ്ലീഹ എഴുതിയ ലേഖനം വായിക്കുന്നു. ഇത് ജാതികളോടു സുവിശേഷം അറിയിച്ചതിനെ ഒർമ്മിപ്പിക്കുന്നു. ശേഷം പുരോഹിതന്‍ ഏവൻഗേലിയോന്‍ (സുവിശേഷം) വായിക്കുന്നു. സഭ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ച് ക്രിസ്തുവിന്റെ ജീവിതത്തെ ആധാരമാക്കി ഓരോ ദിവസ്സവും വായിക്കേണ്ട വേദഭാഗങ്ങളെ വളരെ ചിട്ടയോടും ചേർച്ചയോടും കൂടെ ക്രമീകരിച്ചിരിക്കുന്നു. അതോടെ വചനശ്രുശ്രൂഷ അവസാനിക്കുന്നു. ശേഷം അനഫോറ ആരംഭിക്കുന്നതിനു മുൻപേ  അവസാനഘട്ട ഒരുക്കം എന്നതുപോലെ പ്രോമിയോന്‍ (preface) വായിച്ച് ഹൂസോയോ (പാപപരിഹാര പ്രാർത്ഥന) ചൊല്ലി സെദറാ വായിക്കുന്നു. വളരെ ആഴമേറിയ അർത്ഥങ്ങളെ വഹിക്കുന്ന ഈ പ്രാർത്ഥനകള്‍ കരുണയും പാപമോചനവും നിത്യജീവനും യാചിക്കുന്നതും വാങ്ങിപോയവരെ ഓർക്കുന്നതും ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങളെ ചോദിച്ചുവാങ്ങുന്നതും ആകുന്നു. നിരയായുള്ള ഈ പ്രാർത്ഥനകളുടെ അവസാനത്തിലായി ധൂപകുറ്റിവാഴ്വ് (കർത്താവിന്റെ  മാമൂദീസ). ഇവിടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും സ്തുതിക്കയും അവര്‍ മൂന്നു വ്യക്തികളും ഏകസാരാംശം ആണെന്നും നമ്മെ ചൂണ്ടികാണിക്കുകയും ചെയ്യുന്നു (ധൂപകുറ്റിയില്‍ പലതായി വെവേറെ ഉള്ള ചങ്ങലകളെ ക്രമമായി ചേർത്ത്  പിടിച്ചു ഒന്നാക്കുന്നത് മൂലം ഇത് സാധിക്കുന്നു). ഒരേ സമയത്തുള്ള ത്രിത്വത്തിന്റെ സാന്നിധ്യത്തെ കാരണം ഇത് നമ്മെ കർത്താവിന്റെ മാമോദീസയെ ഓർമ്മിപ്പിക്കുന്നു. അവിടെ എല്ലാവരും ചേർന്ന് വിശ്വാസപ്രമാണം ഏറ്റുചൊല്ലുന്നു. ഇനിയുള്ള ആരാധന വിശ്വാസികൾക്കു മാത്രമുള്ളതാണ് അതിനാല്‍ അന്യരും അവിശ്വാസികളും പുറത്തുപോകൂ എന്ന മൌന ആഹ്വാനവുമായി ശ്രുശ്രൂഷക്കാരന്‍ ധൂപം വീശി പള്ളിയുടെ പടിഞ്ഞാറേ നട വരെ വരുന്നു. ഈ സമയം “യാചിക്കെണ്ടും സമയമിത..”എന്ന ഗാനം പാടുന്നു. പാട്ടിനെ അർത്ഥതവത്താക്കി കൊണ്ട് പുരോഹിതന്‍ പേരുകള്‍ ഓർത്തു എല്ലാവർക്കും  ആയി കരുണകളും പാപമോചനവും യാചിക്കുന്നു. “സ്തൌമെന്കാലൊസ്” (Let us stand well): ശ്രുശ്രൂഷക്കാരന്റെ നല്ലവണ്ണം നില്ക്കുക വി. കുർബാന ആരംഭിക്കുന്നു എന്ന ആഹ്വാനത്തോടെ അനഫോറ ആരംഭിക്കുന്നു.

അനഫോറ (Anaphora / Rite of the Faithful)

“അനഫോറ” എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം . “ഉയർത്തുക” (To lift up) എന്നാണ്. ഇതുവരെ നടന്നത് വി. കുർബാനക്കുള്ള ഒരുക്കം ആയിരുന്നതിനാല്‍ ഇവിടെ ആണ് വി. കുർബാന ആരംഭിക്കുന്നത്. മത്തായി 5:23,24; 6:12 വചനങ്ങളെ ആധാരമാക്കി പരസ്പരമുള്ള സമാധാനയാചനയോടെ അനഫോറ ആരംഭിക്കുന്നു. ദൈവം തരുന്ന സ്വർഗീയ സമാധാനം പുരോഹിതനിലൂടെ ജനങ്ങളില്‍ എത്തുന്നു. തുടർന്ന് വിശുദ്ധ രഹസ്യങ്ങളെ മറച്ചിരിക്കുന്ന ശോശപ്പ എടുത്തു ആഘോഷിച്ചു മാറ്റുന്നു. ഇത് സ്വർഗീയരഹസ്യങ്ങള്‍ വി. കുർബാനയിലൂടെ ഭൂമിയില്‍ വെളിപെടുന്നു എന്ന് സൂചിപ്പിക്കുന്നു. പിന്നീടു ത്രിത്വനാമത്തില്‍ ആശീർവദിക്കുന്നു. ഹൃദയവിചാരങ്ങളെ മഹോന്നതനായ ദൈവത്തിലേക്ക് കേന്ദ്രീ കരിക്കുകയും മാലാഖമാരോട് ചേര്ന്ന്  ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു (“നാം എല്ലാവരുടെയും ഹൃദയങ്ങളും…” ).


വിശുദ്ധ കുർബാനയുടെ സ്ഥാപനം (Words of Institution)


സെഹിയോന്‍ മാളികയിൽ  ‍‍ വച്ച് നമ്മുടെ കർത്താവു അപ്പവും വീഞ്ഞും തന്റെ കരങ്ങളില്‍ എടുത്തു സ്വർഗത്തിലേക്ക് നോക്കി വാഴ്ത്തി തന്റെ ശരീരരക്തങ്ങളാക്കി ശിഷ്യർക്ക്  കൊടുക്കുകയും നിത്യജീവനും പാപമോചനത്തിനും വേണ്ടി ഇതില്‍ നിന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും വേണം എന്ന് പറയുകയും താന്‍ ഇനിയും വരുന്നതുവരെ (അന്ത്യ  ന്യയവിധി നടത്താന്‍) ഓർമ്മക്കായി ഇപ്രകാരം ചെയ്യുവിന്‍ എന്ന് പറഞ്ഞു ശിഷ്യരെ ഭരമേല്പ്പിച്ച വി. കുർബാനനയുടെ സ്ഥാപനം വീണ്ടും അടിവരയിട്ടു നമ്മെ ഓർമ്മിപ്പിക്കുകയും, കർത്താവ് ചെയ്തതു പോലെ അപ്പവീഞ്ഞുകള്‍ പുരോഹിതന്‍ തന്റെ കരങ്ങളില്‍ എടുത്തു വാഴ്ത്തി മുറിക്കുന്നു. ശേഷം കർത്താവിന്റെ രണ്ടാംവരവ് വരെ നാം ഇതുചെയ്യണം എന്ന് വൈദീകന്‍ നമ്മെ ഓർമ്മിപ്പിക്കുന്നു. അപ്പോള്‍ ജനം ക്രിസ്തുവിന്റെ  മരണത്തിലും ഉയിർത്തെഴുന്നേൽപ്പിലും രണ്ടാംവരവിലും വിശ്വസിക്കുകയും അതിനായി കാത്തിരിക്കയും ചെയ്യുന്നു എന്ന് ഏറ്റുപറയുന്നു (Anamnesis).

പരിശുദ്ധാത്മ ആഹ്വാനം (Epiclesis)

തുടർന്ന് അപ്പവീഞ്ഞുകളെയും ജനങ്ങളെയും രൂപാന്തരപെടുത്താന്‍ പരിശുദ്ധ റൂഹായുടെ ആവാസത്തിനായി പുരോഹിതന്‍ പ്രാർത്ഥിക്കുന്നു. ഇതാണ് വി. കുർബാനയുടെ മർമ്മപ്രധാനമായ ഭാഗം.

മധ്യസ്ഥ പ്രാർത്ഥനകള്‍ (Dyphtics)

തുബ്ദേനെന്ന വി. കുർബാനയിലെ പ്രധാനപെട്ട പ്രാർത്ഥനകളാണ് ഈ മധ്യസ്ഥപ്രാർത്ഥനകള്‍. സഭക്ക് മുഴുവനും വേണ്ടിയുള്ള (ഭൂമിയിലുള്ളവർക്കും  വാങ്ങിപോയവർക്കും) പ്രാർത്ഥനകളാണ് തുബ്ദേനുകള്‍. ഒന്നാം തുബ്ദേനിൽ ജീവിച്ചിരിക്കുന്ന ആത്മീയപിതാക്കന്മാരുടെ പേരുകള്‍ ചൊല്ലി ഓർത്തു പ്രാർത്ഥന നടത്തുന്നു. രണ്ടാമതായി ജീവനോടെ ഇരിക്കുന്ന എല്ലാ സഹോദരങ്ങളെയും സഭവിശ്വാസികളെയും ഓർക്കുന്നു. മൂന്നാമതായി ജീവനോടെ ഇരിക്കുന്ന എല്ലാ ഭരണകർത്താക്കൾക്ക് ‌ വേണ്ടിയും നാം ഓർത്തു പ്രാർത്ഥിക്കുന്നു. നാലാമതായി ദൈവമാതാവിനെയും വാങ്ങിപോയ സകല പരിശുദ്ധന്മാരെയും ഓർത്തു പ്രാർത്ഥിക്കുന്നു. അഞ്ചാമതായി വാങ്ങിപോയ സകല പുണ്യ പിതാക്കന്മാരെയും ഓർത്തു് പ്രാർത്ഥിക്കുന്നു. അവസാനമായി വാങ്ങിപോയ സകലരെയും വി. കുർബാനയില്‍ ഓർമ്മിക്കുന്നു.


ഖണ്ഡനവും സമ്മേളനവും (Fraction and Commixture)


ശേഷം രണ്ടാമത്തെ ആശീർവാദത്തിനുശേഷം പുരോഹിതന്‍ മറയിട്ടു രഹസ്യമായി തിരുശരീരത്തെ മുറിക്കുന്നു. തിരുശരീരവും രക്തവും തമ്മില്‍ കലർത്തുന്നു. ക്രിസ്തുവിന്റെ ക്രൂശീകരണത്തെ സൂചിപ്പിക്കുന്ന ഭാഗമായതുകൊണ്ട് ക്രൂശീകരണ സമയത്തെ അന്ധകാരത്തെ സൂചിപ്പിക്കാൻ ആണ് തിരശീല ഇടുന്നത്. വിശുദ്ധ രഹസ്യങ്ങള്‍ സ്വീകരിക്കുന്നതിനു മുൻപുള്ള ഒരുക്കം ആണ് ഈ സമയത്തുള്ള ഗീതങ്ങളിലായിട്ടു ആഹ്വാനം ചെയ്യുന്നത്. ശേഷം ലുത്തിനിയ (Litany) എന്ന ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും ചോദിച്ചുവാങ്ങുന്ന മധ്യസ്ഥപ്രാർത്ഥനകള്‍ നടത്തുന്നു.


കർത്തൃപ്രാർത്ഥന (Lord’s Prayer)


മത്തായി:6:9-13 നമ്മുടെ കർത്താവ്‌ നമ്മെ ചൊല്ലി പഠിപ്പിച്ച ഈ കർത്തൃ പ്രാർത്ഥന എല്ലാവരും ഒരുമിച്ചു ഏറ്റുചൊല്ലുന്നു. ഇത് വി. കുർബാനയില്‍ കര്ത്തൃ പ്രാർത്ഥനക്കുള്ള പ്രാധാന്യവും വി. കുർബാനക്കുള്ള ഒരുക്കത്തിന്റെ പ്രാധാന്യവും നമ്മെ ഓർമ്മിപ്പിക്കുന്നു.


ആഘോഷം (The Celebration)


ഇനി തിരുരക്തശരീരങ്ങളുടെ ആഘോഷം ആണ്. ഇവിടെ പുരോഹിതന്‍ വി. കുർബാന സ്വീകരിക്കേണ്ടവരുടെ യോഗ്യത നമ്മെ ഓർമ്മപെടുത്തുന്നു. ഉടനെ നാം വിശ്വാസി ആണെന്നും ത്രിത്വം ഒപ്പം ഉള്ളതിനാല്‍ നാമും ശുദ്ധി ഉള്ളവര്‍ ആണെന്നും നാം ഏറ്റുപറയുന്നു (ഈ വിശുദ്ധതകള്‍ ….പരിശുദ്ധനായ………പിതാവ് നമ്മോടു കൂടെ ………..പുത്രന്‍ നമ്മോടു കൂടെ ……. റൂഹ നമ്മോടുകൂടെ.). ആയതിനാല്‍ നമ്മുടെ മനസാക്ഷിയോടും ദൈവത്തോടും നാം പറയുകയാണ്‌ ഈ രഹസ്യങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ യോഗ്യരാണ്‌ (യോഗ്യരാക്കണം എന്ന് പ്രാർത്ഥിക്കുന്നു). യേശു ക്രിസ്തുവിന്റെ  സ്വർഗാരോഹണത്തെ സൂചിപ്പിക്കുന്നു ഈ ദിവ്യരഹസ്യങ്ങളുടെ ആഘോഷം.


ധൂപപ്രാർത്ഥനകള്‍


തിരുശരീര രക്തങ്ങളെ സ്വീകരിക്കുന്നതിനു മുൻപേ നാം വാങ്ങിപോയ സകലരോടും നമുക്കായി പ്രാർത്ഥിക്കണം എന്നും നമ്മുടെ വാങ്ങിപോയവരോട് ദൈവം കരുണ കാണിക്കാനും നാം പ്രാർത്ഥിക്കുന്നു. ഇത് ഒരു പ്രാർത്ഥനാഗാന സഞ്ചയമാണ്. ഇതില്‍ വേദവചന ഉദ്ധരണികളും ഉൾപ്പെടുത്തി ക്രമീകരിച്ചിരിക്കുന്നു. യഥാക്രമം ദൈവമാതാവ്, പരിശുദ്ധന്മാര്‍, വാങ്ങിപോയ ആചാര്യന്മാര്‍, വാങ്ങിപോയ വിശ്വാസികൾ, വിശുദ്ധ സ്ലീബ എന്നിങ്ങനെ നടത്തുന്നു.

നിന്നാല്‍ സ്തുതിയോ- സങ്കീ:45:9-11

നയവാന്‍ പനപോലെ – സങ്കീ:92:12-14

ചാർത്തും നീതിയെ – സങ്കീ:132:9-12

മക്കളിലപ്പന്‍ കൃപ- സങ്കീ:103:13-15

വെല്ലും ശത്രുക്കളെ – സങ്കീ:44:5-7

ധൂപപ്രാർത്ഥനകൾക്കു ശേഷം വീണ്ടും മറ ഇടുന്നു. സ്വർഗാരോഹണം ചെയ്ത ക്രിസ്തുവിനെ നാം കാണുന്നില്ല എന്നതുകൊണ്ടാണ് മറ ഇട്ടു അവനെ കാത്തിരിക്കുന്ന സഭയുടെ അവസ്ഥയെ സൂചിപ്പിക്കുന്ന ഈ ഭാഗം നിവര്‍ത്തിക്കുന്നത്.


പരസ്യമായ എഴുന്നള്ളിപ്പ് (Procession)


വളരെ പ്രാർത്ഥനയോടെ പടിഞ്ഞാറോട്ട് എഴുന്നള്ളിക്കുന്ന പ്രദക്ഷിണം കർത്താവിന്റെ രണ്ടാം വരവിനെ സൂചിപ്പിക്കയും ഓർമ്മിപ്പിക്കയും ചെയ്യുന്നു. ഇവിടെ മാലാഖമാരുടെ കൂട്ടങ്ങളോടൊപ്പം ക്രിസ്തു പെട്ടെന്ന് ആഗാതനാകും എന്നതിന്റെ സൂചനയായി പെട്ടെന്ന് ഒരു ആഹ്വാനവും (“നാം അട്ടഹസിച്ചു പറയണം ….”) അതെ തുടർന്ന്  പെട്ടെന്ന് മറ വലിക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ വിശുദ്ധ രഹസ്യങ്ങളുടെ സ്വീകരണം മൂലം ലഭിക്കുന്ന രക്ഷ അന്ത്യ ന്യായദിവസം ലഭിക്കേണ്ട വലിയരക്ഷയെ ഓർമ്മപെടുത്തുന്നു. അങ്ങനെ മദ്ബഹായുടെ വാതില്ക്കല്‍ എത്തി പുരോഹിതന്‍ വിശ്വാസികൾക്ക് വി. കുർബാന നല്കുന്നു. ഇവിടെ അനഫോറ അവസാനിക്കുന്നു.


കൃതജ്ഞത ശ്രുശ്രൂഷ (Post Communion/ Thanks giving)


ഈ നിത്യരക്ഷക്കും ഒരു ദിനം കൂടി തിരുശരീരത്തിന്റെ പങ്കാളി ആകാന്‍ സാധിച്ചതിലും ദൈവം തരുന്ന സൗഭാഗ്യങ്ങൾക്കും  നന്ദിയോടെ ദൈവത്തെ സ്തുതിച്ചു കൃതജ്ഞത അർപ്പിക്കുന്നു. സമാപനഗാനം ആയ ഹൂത്തോമ്മോ ചൊല്ലി വിശുദ്ധബലിയില്‍ നിന്നും ലഭിച്ച സ്വർഗീയ സമാധാനത്തോടൊപ്പം വിശ്വാസികളെ ആശീർവദിച്ചു യാത്ര അയക്കുന്നു. അപ്പോൾ മറ ഇടുന്നത് കർത്താവിനോടോത്തുള്ള സഭയുടെ നിത്യതയെ സൂചിപ്പിക്കുന്നു. ശേഷം വീണ്ടും പുരോഹിതൻ ത്രോണോസിന്‍ മുന്നില്‍ മുട്ടുകുത്തി വീണ്ടും എല്ലാവർക്കും  ആയി പ്രാർത്ഥിക്കുന്നു. തനിക്കു ഒരു ബലി കൂടി അർപ്പിപ്പാന്‍ തന്ന യോഗ്യത ഓർത്തു പ്രാർത്ഥിക്കുന്നു. തുടർന്ന്  പൂജപാത്രങ്ങള്‍ തുടച്ചു, അംശവസ്ത്രങ്ങള്‍ മാറ്റി ഒരു കർത്തൃ ദിവസത്ത ദിവസത്തെെ പൊതുവായ ആരാധന അവസാനിപ്പിക്കുന്നു. അല്ലെങ്കില്‍ ഒരു ദിവസം മുഴുവന്‍ ഒരുങ്ങി നാം അർപ്പിച്ച വി. ബലി സമാപിക്കുന്നു.🙏🙏🙏

No comments:

Pages